താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവൻ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി.മാധവൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഗാന്ധിഭവൻ ഏർപ്പെടുത്തിയ പ്രഥമ ഗാന്ധിഭവൻ – ടി.പി.മാധവൻ നാഷണൽ അവാർഡ് പ്രശസ്ത നടൻ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ ജഗതി ശ്രീകുമാറിൻ്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സമ്മാനിച്ചു. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനകൾക്കായിട്ടാണ് അവാർഡ്. ഗാന്ധിഭവൻ ഭാരവാഹികളായ ജി.ഭുവനചന്ദ്രൻ, വിൻസെന്റ് ഡാനിയേൽ, മണക്കാട് രാമചന്ദ്രൻ എന്നിവരും ജഗതി ശ്രീകുമാറിൻ്റെ പത്നി ശോഭ, മക്കളായ രാജ് കുമാർ, പാർവതി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജഗതി ശ്രീകുമാറിൻ്റെ 75-ാം ജന്മദിനം കേക്ക് മുറിച്ച് കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കുകയും ചെയ്തു.
ജഗതിക്കൊപ്പം നടനും സംവിധായകനും നിർമ്മാതാവുമായ മധുവിനും ഗാന്ധിഭവൻ – ടി.പി. മാധവൻ നാഷണൽ അവാർഡ് നൽകും. ജനുവരി 6ന് ഉച്ചക്ക് മൂന്നു മണിക്ക് തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തി പുരസ്കാരം സമ്മാനിക്കുമെന്ന് ഗാന്ധിഭവൻ ഭാരവാഹികൾ അറിയിച്ചു.