ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ മേയ് 16ന് ‘നരിവേട്ട’ പ്രദർശനത്തിന്
ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരിൽ ആകാംഷ നിറച്ചാണ് ട്രെയ്‌ലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. യഥാർത്ഥ സംഭവങ്ങളിൽ നിന്നും ചില പോലീസ് കേസുകളുമായുള്ള ഏതാനും സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് സൂചന. സംവിധായകൻ അനുരാജ് മനോഹറിൻ്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരിക്കും ‘നരിവേട്ട’ എന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്‌തമാണ്.
ഛായാഗ്രഹണം, താരങ്ങളുടെ പ്രകടനം, എഡിറ്റിംഗ്, സംഗീതം തുടങ്ങിയ ഘടങ്ങളിലും ട്രെയ്‌ലർ മികച്ചു നിൽക്കുന്നുണ്ട്. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് സിനിമയുടേതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പൂർണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ് ഈ കഥാപാത്രങ്ങൾ.
മേയ് 16ന് നരിവേട്ട പ്രദർശനത്തിനെത്തും. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ടൊവീനോ തോമസിന് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, പ്രിയംവദ കൃഷ്ണൻ, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.