പുനര്‍ജനി പദ്ധതി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അനുകൂലമായി വിജിലന്‍സ് റിപ്പോര്‍ട്ട്. വി ഡിസതീശനെതിരെ ചട്ടവിരുദ്ധമായി വിദേശഫണ്ട് വാങ്ങി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സ്പീക്കറുടെ വിശദീകരണ കത്തിന് നൽകിയ മറുപടിയിലാണ് സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്.

വി ഡി സതീശൻ്റെ അക്കൗണ്ടിലേക്ക് പുനർജനി പദ്ധതിയുടെ പണം വന്നിട്ടില്ലെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പീക്കറുടെ അനുമതിയില്ലാതെ വിഡി സതീശൻ വിദേശത്ത് പോയതായി മുൻ വിജിലൻസ് ഡയറക്ടർ ശുപാർശ നൽകിയിരുന്നു. ഇതിലാണ് ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കർ വിശദീകരണം നൽകിയത്.

പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ വീട് നഷ്ടമായവർക്ക് വീട് വച്ചുനൽകാൻ ലണ്ടനിലെ ബർമിംഗ്ഹാമിൽ നടന്ന ചടങ്ങിൽ ധനസഹായം ആവശ്യപ്പെടുന്ന വീഡിയോ നേരത്തെ പുറത്തുവന്നതാണ്. ഇതേ തുടർന്നാണ് വിജിലൻസിലേക്ക് പരാതി നൽകുന്നത്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ- യൂണിറ്റ്- 2 ആണ് 2023 മുതൽ അന്വേഷണം നടത്തിയത്. വി ഡി സതീശനെതിരെ കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ ആദ്യ റിപ്പോർട്ട്. വിദേശത്തുനിന്നും സമാഹരിച്ച പണം ഒരു ചാരിറ്റബിള്‍ സംഘടനവഴി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. അതുപയോഗിച്ച് വീടുനിർമ്മാണവും നടന്നിട്ടുണ്ട്. വി ഡി സതീശൻ സംഘടനാ ഭാരവാഹി അല്ലാത്തിനാൽ പണം ദുരൂപയോഗത്തിൻെ കാര്യത്തിൽ വിജിലൻസ് അന്വേഷണം നിൽക്കില്ലെന്നായിരുന്നു ആദ്യ ശുപാർശ. എന്നാൽ വിദേശനാണ്യവിനിമയ ചട്ടത്തെക്കുറിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ അന്നത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത വീണ്ടും നിർദ്ദേശം നൽകി. അതേതുടർന്നാണ് സിബിഐ അന്വേഷണത്തിനുള്ള പുതിയ ശുപാർശ നൽകിയത്.

Related Posts