ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സിനിമാരംഗത്ത് വിവരവും അനുഭവസമ്പത്തുമുള്ള വ്യക്തിയെ നിയമിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ചെയർമാൻ സ്ഥാനത്തേക്ക് താൻ ഒരാളുടെ പേര് നിർദേശിച്ചിട്ടുണ്ടെന്നും എന്നാൽ അത് രഹസ്യമായതിനാൽ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അടൂർ പറഞ്ഞു. സാംസ്കാരിക മന്ത്രി പങ്കെടുത്ത ഫിലിം സൊസൈറ്റി അസോസിയേഷൻ പരിപാടിയിലായിരുന്നു അടൂരിൻ്റെ വിമർശനം. ഐഎഫ്എഫ്കെയുടെ നിലവിലെ വെബ്സൈറ്റ് കാണുന്നത് സങ്കടകരമാണ്. ചലച്ചിത്രമേളയുമായി താൽപര്യമില്ലാത്തവരാണ് ഇപ്പോൾ അതിന് നേതൃത്വം നൽകുന്നതെന്നതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഉപകരണങ്ങളുടെ അപര്യാപ്തത ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ജീവനക്കാർക്ക് വെറുതെ ശമ്പളം നൽകുന്ന സ്ഥിതിയാണെന്നും അടൂർ വിമർശിച്ചു.
അടൂർ ഉന്നയിച്ച വിഷയങ്ങളിൽ ഈ വർഷം തന്നെ പൂർണമായി ഇടപെടുന്നതിന് ചില പരിമിതികളുണ്ടെന്ന് സാംസ്കാരിക മന്ത്രി പ്രതികരിച്ചു. എന്നാൽ അടുത്ത വർഷത്തെ ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങൾ ഈ വർഷത്തെ മേള അവസാനിച്ച ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. അതേസമയം, മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി വൈകിയതിനെച്ചൊല്ലിയും വേദിയിൽ പരാമർശമുണ്ടായി. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കേണ്ട പരിപാടി മന്ത്രി എത്താൻ വൈകിയതിനെ തുടർന്ന് നീണ്ടു. മന്ത്രി എത്തുന്നതുവരെ അടൂർ വേദിയിൽ സംസാരിക്കാതെ കാത്തുനിന്നു.
മുമ്പ് ഒരു സാംസ്കാരിക വകുപ്പ് മന്ത്രി ചർച്ചയ്ക്കായി വിളിച്ച് ഒന്നര മണിക്കൂർ കാത്തിരിപ്പിച്ച അനുഭവമുണ്ടായിരുന്നെന്നും അതിനുശേഷം മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ പോകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നെന്നും അടൂർ പറഞ്ഞു. “അവർക്ക് വലിയ തിരക്കുകളുണ്ട്; നമുക്കും ചെറിയ തിരക്കുകളുണ്ട്” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് എത്താൻ വൈകിയതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.