ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാൻ പാക് സുപ്രീംകോടതി ഉത്തരവിട്ടു. ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് 48 മണിക്കൂറിനകം അദ്ദേഹത്തെ ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് കോടതി നിർദേശിച്ചത്. റാവൽപിണ്ടിയിലെ ജയിലിൽ കഴിയുന്ന ഇമ്രാൻ്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബവും പാകിസ്ഥാൻ തെഹ്രിക്-ഇ-ഇൻസാഫ് പാർട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ജയിലിൽ കഴിയുന്നതിനിടെ ആരോഗ്യനില മോശമായെന്നും വലതുകണ്ണിൻ്റെ കാഴ്ചശക്തിക്ക് കാര്യമായ തകരാർ സംഭവിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു.
ഇമ്രാൻ്റെ ആരോഗ്യനില വിശദമായി പരിശോധിക്കുന്നതിനായി കാർഡിയോളജിസ്റ്റ്, ജനറൽ മെഡിസിൻ വിദഗ്ധൻ, നേത്രരോഗ വിദഗ്ധൻ, അദ്ദേഹത്തിൻ്റെ വ്യക്തിഗത ഡോക്ടർ എന്നിവരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാനും സുപ്രീംകോടതി നിർദേശിച്ചു. കോടതി ഉത്തരവിനെ പാകിസ്ഥാൻ തെഹ്രിക്-ഇ-ഇൻസാഫ് പാർട്ടി സ്വാഗതം ചെയ്തു. ഉത്തരവ് വൈകാതെ നടപ്പാക്കാൻ പാക് ഭരണകൂടം തയ്യാറാകണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് അനുയായികൾ ആശുപത്രി പരിസരത്ത് തടിച്ചുകൂടരുതെന്നും പാർട്ടി നിർദേശിച്ചു.
2022ൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായ ഇമ്രാൻ ഖാനെതിരെ പിന്നീട് ഷെഹ്ബാസ് ഷരീഫ് സർക്കാരിൻ്റെ കാലത്ത് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് പല കേസുകളും ചുമത്തിയതെന്ന ആരോപണം ഇമ്രാൻ്റെ പാർട്ടി ഉന്നയിച്ചുവരികയാണ്.