വിവിധ ജില്ലകളിൽ കേരള പൊലീസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാളെ വൈകിട്ട് 03.30 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിക്കും.
വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയാക്കിയ 12 പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനമാണ് നിർവഹിക്കുക. ആകെ 27.01 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്. നാളെ 5 കെട്ടിടങ്ങളുടെ തറക്കല്ലിടലും നടക്കും. തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ എ ഡി ജി പിമാരായ എസ് ശ്രീജിത്ത്, എച്ച് വെങ്കിടേഷ്, എം എൽ എമാരായ എംവി ഗോവിന്ദൻ, കെ.വി സുമേഷ്, ഉത്തരമേഖലാ ഐ ജി രാജ്‌പാൽ മീണ, കണ്ണൂർ റേയ്ഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ജി എച്ച്, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് പി, മുതിർന്ന പൊലീസ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.