എഷ്യാകപ്പ് ഫുട്ബോളിന് ചേച്ചിമാർക്കു പിന്നാലെ അനുജത്തിമാരും യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ നിർണായകമത്സരത്തിൽ ആതിഥേയരായ മ്യാൻമാറിനെ 1-0 ത്തിന് കീഴടക്കിയാണ് ഇന്ത്യൻ അണ്ടർ-20 ടീം വനിതാ ഏഷ്യകപ്പിൻ്റെ ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. ഇന്ത്യ 20 വർഷത്തിനുശേഷമാണ് യോഗ്യത നേടുന്നത്. നേരത്തേ ഇന്ത്യൻ സീനിയർ വനിതാ ടീമും ഏഷ്യാകപ്പിന് യോഗ്യത നേടിയിരുന്നു.
ഇന്ത്യ ഗ്രൂപ്പ് ഡി പോരാട്ടത്തിലെ 27-ാം മിനിറ്റിൽ പൂജ നേടിയ ഗോളിലാണ് ജയിച്ചത്. ഒരു സമനിലയും രണ്ടുജയവും വഴി ഏഴുപോയിൻ്റ് നേടിയ ടീം ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്ത്യ അവസാനമായി ഫൈനൽ റൗണ്ടിൽ കളിച്ചത് 2006-ലാണ്. 32 ടീമുകളാണ് ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ചത്. 11 ടീമുകൾ ഇതിൽ നിന്ന് ഫൈനൽ റൗണ്ടിലെത്തും. ഫൈനൽ റൗണ്ടിൽആതിഥേയരടക്കം 12 ടീമുകൾ കളിക്കും.