അവശ്യസാധനങ്ങളുടെയും പൊതുഗതാഗതത്തിൻ്റെയും നിരക്കുകൾ വർധിപ്പിച്ച കോൺഗ്രസ് സർക്കാരിനെതിരെ ബെംഗളൂരുവിൽ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, നിയമസഭാ പ്രതിപക്ഷ നേതാവ് ആർ. അശോക, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. നിയമസഭാംഗങ്ങൾ, പാർലമെന്റ് അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ എന്നിവരും പ്രതിഷേധത്തിൽ അണിനിരന്നു.
പാൽ, തൈര്, നെയ്യ് എന്നിവയുടെ വില വർധിപ്പിച്ചതും സർക്കാർ ബസുകളിലെ യാത്രാനിരക്ക് ഉയർത്തിയതുമാണ് പ്രതിഷേധത്തിന് പ്രധാന കാരണമായത്. സാധാരണക്കാരുടെ കുടുംബബജറ്റിനെ സാരമായി ബാധിക്കുന്ന തീരുമാനങ്ങൾ സർക്കാർ പിൻവലിക്കണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു. പാൽവില ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ചതും തൈരിന് ലിറ്ററിന് 14 രൂപയും നെയ്യിന് കിലോയ്ക്ക് 180 രൂപയും വർധിപ്പിച്ചതും ജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്ന് വിജയേന്ദ്ര ആരോപിച്ചു.
പ്രതിഷേധത്തിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന സർക്കാർ തുടർച്ചയായി നികുതികളും സേവന നിരക്കുകളും വർധിപ്പിച്ച് ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ചു.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും വിലവർധനയ്ക്കെതിരെ രംഗത്തെത്തി. പാൽവിലയ്ക്കൊപ്പം ബസ് യാത്രാനിരക്കും ലഗേജ് ചാർജും വർധിപ്പിച്ചത് സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രയാസകരമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിലവർധന പിൻവലിക്കാൻ തയ്യാറാകണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു.
പാൽ, തൈര്, നെയ്യ് എന്നിവയുടെയും ബസ് യാത്രാനിരക്കുകളുടെയും വർധന പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.