സെക്രട്ടേറിയറ്റിന് മുന്നിലെ എൽ.പി.എസ്.ടി സമരപ്പന്തൽ പൊളിച്ചുനീക്കി; വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി
സെക്രട്ടേറിയറ്റിന് മുന്നിൽ 129 ദിവസമായി തുടരുകയായിരുന്ന എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിൽ നിർണായക നീക്കവുമായി പൊലീസ്. സമരപ്പന്തൽ പൊലീസ് ബലപ്രയോഗത്തിലൂടെ പൊളിച്ചുനീക്കി. നിരാഹാരസമരം നടത്തിവന്ന വളർമതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.
സമരത്തിൻ്റെ 129-ാം ദിവസമാണ് പൊലീസ് നടപടി ഉണ്ടായത്. ഡോക്ടർമാർ സമരപ്പന്തലിലെത്തി വളർമതിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. ആരോഗ്യനില പരിഗണിച്ചാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നാണ് വിവരം.
രാത്രി 9.20ഓടെയാണ് വൻ പൊലീസ് സംഘം സമരപ്പന്തലിലെത്തിയത്. തുടർന്ന് വളർമതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ സമരപ്പന്തലും പൊലീസ് പൊളിച്ചുനീക്കി. സമരസ്ഥലത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ബോർഡും പൊലീസ് നീക്കം ചെയ്തു.
അതേസമയം, വളർമതി ആശുപത്രിയിലേക്ക് മാറ്റപ്പെട്ടതോടെ സമരം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി. നിരാഹാരസമരം മറ്റൊരാൾ ഏറ്റെടുക്കുമെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും ഉദ്യോഗാർഥികൾ അറിയിച്ചു. 129 ദിവസമായി നീണ്ടുനിൽക്കുന്ന സമരം പുതിയ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്.