അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്കാരത്തിന് മുതിർന്ന ചലച്ചിത്ര നടനും പത്മശ്രീ ജേതാവുമായ മധുവിനെ തിരഞ്ഞെടുത്തു. ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. 1,01,000 രൂപയും പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ശിൽപവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷികമായ നവംബർ 26ന് തിരുവനന്തപുരത്തെ സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന ‘രാകേന്ദു കിരണങ്ങൾ’ എന്ന സ്മൃതി സായാഹ്നത്തിൽ പുരസ്കാരം മധുവിന് സമ്മാനിക്കും. ദേശീയ ബാലതരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, സി.പി. ജോൺ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. സാംസ്കാരിക വകുപ്പിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അനുസ്മരണ സമ്മേളനത്തിന് പിന്നാലെ ബിച്ചു തിരുമലയുടെ ശ്രദ്ധേയമായ ഗാനങ്ങൾ കോർത്തിണക്കിയ പ്രത്യേക നൃത്താവിഷ്കാരം അരങ്ങേറും. റിഗാറ്റ ഗിരിജയാണ് ഇതിന് നേതൃത്വം നൽകുന്നത്. തുടർന്ന് മധു ബാലകൃഷ്ണൻ, കൃഷ്ണചന്ദ്രൻ, കല്ലറ ഗോപൻ, രാകേഷ് ബ്രഹ്മാനന്ദൻ, പന്തളം ബാലൻ, അഖില ആനന്ദ്, പ്രീത, ലക്ഷ്മി രംഗൻ, അപർണ രാജീവ്, വൃന്ദ മേനോൻ, അൽക്ക അഷ്കർ തുടങ്ങി പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനാഞ്ജലിയും ഉണ്ടായിരിക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി കെ. മുരളീധരൻ ചെയർമാനായി സ്വാഗതസംഘം രൂപീകരിച്ചു. ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് ജനറൽ കൺവീനറായും ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു പ്രോഗ്രാം ഡയറക്ടറായും ചുമതല വഹിക്കും.
കല്ലിയൂർ ശശിയാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർ. രാകേഷ് ബ്രഹ്മാനന്ദൻ മ്യൂസിക് കോ-ഓർഡിനേറ്ററായും അജയ് തുണ്ടത്തിൽ പി.ആർ.ഒ ആയും പ്രവർത്തിക്കും.
ബിച്ചു തിരുമലയുടെ അനശ്വര ഗാനങ്ങളെയും കലാസംഭാവനകളെയും ഓർമിക്കുന്ന സംഗീത-സാംസ്കാരിക സംഗമമായി ‘രാകേന്ദു കിരണങ്ങൾ’ മാറും.