സംസ്ഥാനത്തെ ജനങ്ങളെ വൈദ്യുതി നിയന്ത്രണവും പവർകട്ടും ചൂണ്ടിക്കാട്ടി ഭീതിയിലാഴ്ത്തിയ ശേഷം, ഇരുട്ടിൻ്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ ദുരൂഹ വൈദ്യുതി ഇടപാടുകൾക്ക് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിയെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം കൂടുതൽ ശക്തമാകുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
പ്രതിപക്ഷം വ്യക്തമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഇതുവരെ തൃപ്തികരമായ മറുപടി നൽകിയിട്ടില്ല. പകരം മാധ്യമങ്ങൾക്കു മുന്നിൽ വാചകക്കസർത്ത് നടത്തിയതുകൊണ്ട് ആരോപണവിധേയമായ നടപടികളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
സ്വന്തം മുന്നിലുള്ള ഗൗരവമേറിയ ഔദ്യോഗിക രേഖകളെ പോലും നിസ്സാരവൽക്കരിച്ച് പരാമർശിക്കുന്ന മുഖ്യമന്ത്രി, ആവശ്യമായ രേഖകൾ പുറത്തുവിടാൻ ആവശ്യപ്പെടുമ്പോൾ മുൻ സർക്കാരിനെ കുറ്റപ്പെടുത്തി വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. ഇത് ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടവും രാഷ്ട്രീയ ഭീരുത്വവുമാണെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.