പാലിൻ്റെ വില വർധിപ്പിച്ച് അമൂൽ. വിവിധ ഇനം പാലുകൾക്ക് ലിറ്ററിന് രണ്ട് മുതൽ ആറ് രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബൾക്ക് വെൻഡിംഗ് മെഷീനുകൾ വഴി വിതരണം ചെയ്യുന്ന ടോൺഡ് പാലിൻ്റെ വില ലിറ്ററിന് 58 രൂപയിൽനിന്ന് 60 രൂപയായി ഉയർത്തി. പാക്കറ്റിൽ ലഭിക്കുന്ന ഫുൾ ക്രീം പാലിന് 72 രൂപയിൽനിന്ന് 76 രൂപയായും ടോൺഡ് പാലിന് 60 രൂപയിൽനിന്ന് 62 രൂപയായും വില വർധിപ്പിച്ചു.
6.5 ശതമാനം കൊഴുപ്പടങ്ങിയ എരുമപ്പാലിൻ്റെ വിലയിലാണ് ഏറ്റവും കൂടുതൽ വർധന. ലിറ്ററിന് 80 രൂപയായിരുന്ന ഇതിൻ്റെ പുതിയ വില 86 രൂപയാണ്. ഡബിൾ ടോൺഡ് പാലിന് 54 രൂപയിൽനിന്ന് 56 രൂപയായും പശുവിൻ പാലിന് 62 രൂപയിൽനിന്ന് 65 രൂപയായും വില ഉയർത്തിയിട്ടുണ്ട്.
പുതിയ വില നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് പാലിനായി കൂടുതൽ തുക ചെലവഴിക്കേണ്ടിവരും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടെ അമൂലിൻ്റെ വിലവർധന കുടുംബ ബജറ്റിനെയും ബാധിച്ചേക്കും.