അസമിൽ കൊൽക്കത്ത–സൈരംഗ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അപകടം. ഗുവാഹത്തിക്ക് സമീപമുള്ള ഡിഗാരു റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 6.54ഓടെയാണ് സംഭവം. ട്രെയിനിൻ്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ട്രെയിൻ പാളം മാറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അപകടത്തിൻ്റെ യഥാർഥ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.
അപകടവിവരം അറിഞ്ഞയുടൻ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും അപകടനിവാരണ സേനയും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുകയും ചെയ്തു.
അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പുരോഗമിക്കുകയാണ്.