സിന്ധു നദീജല കരാറിൽ പാകിസ്ഥാനോട് കൂടുതൽ കടുത്ത നിലപാട് ആവർത്തിച്ച് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ പൂർണമായി വിരാമമിടുകയും വിശ്വസനീയമായ നടപടി സ്വീകരിക്കുകയും ചെയ്താൽ മാത്രമേ കരാർ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

65 വർഷം പഴക്കമുള്ള സിന്ധു നദീജല കരാർ നിലവിലെ രൂപത്തിൽ തുടരാനാകില്ലെന്നും, മാറിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് കരാറിൽ സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

ഭീകരവാദത്തിനെതിരായ നടപടികളാണ് തുടർചർച്ചകളുടെ അടിസ്ഥാനമാകുകയെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇതുവരെ വിശ്വാസ്യതയുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിലയിരുത്തൽ.

നിലവിൽ കരാറിൽ നിന്ന് പൂർണമായും പിന്മാറാൻ ഇന്ത്യ തീരുമാനിച്ചിട്ടില്ല. എന്നാൽ, രാജ്യത്തിൻ്റെ ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഏതൊരു കരാറും റദ്ദാക്കാൻ പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഇതിന് പിന്നാലെ ജലവിതരണം തടഞ്ഞാൽ യുദ്ധവും ആണവായുധ പ്രയോഗവും ഉൾപ്പെടെയുള്ള ഭീഷണികൾ പാകിസ്ഥാനിലെ ചില മന്ത്രിമാർ ഉയർത്തിയിരുന്നു.

Related Posts