നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമബംഗാളിലെ റാലിയിൽ മോദി നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടർന്നുണ്ടായ പാകിസ്‌താനുമായുള്ള സൈനിക സംഘർഷം എന്നിവയ്ക്ക് ശേഷം കേന്ദ്ര സർക്കാരിൻ്റെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി പ്രതിപക്ഷ അംഗങ്ങൾ വിദേശത്ത് തുടരുമ്പോഴും, ഇന്ത്യയുടെ സൈനിക ആക്രമണങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മോദി ഉപയോഗിക്കുകയാണെന്ന് മമത ആരോപിച്ചു.
‘എല്ലാ സ്ത്രീകൾക്കും അന്തസുണ്ട്. അവർ അവരുടെ ഭർത്താക്കന്മാരിൽനിന്നാണ് സിന്ദൂരം സ്വീകരിക്കുക. നിങ്ങൾ എല്ലാവരുടെയും ഭർത്താവല്ലല്ലോ. നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ആദ്യം സിന്ദൂരം നൽകുന്നില്ല? ഇത്തരം കാര്യങ്ങൾ പറയേണ്ടിവന്നതിൽ ഖേദമുണ്ട്. പക്ഷേ, നിങ്ങൾ ഞങ്ങളെ അതിന് നിർബന്ധിതരാക്കി’ മമത ചോദിച്ചു.
മമത ബാനർജിയെയും പശ്ചിമ ബംഗാൾ സർക്കാരിനെയും അലിപുർദുവാറിൽ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. പശ്ചിമ ബംഗാൾ സർക്കാർ ‘നിർമ്മാം സർക്കാർ’ (ക്രൂരമായ സർക്കാർ) ആണെന്നും സർക്കാർ അഴിമതി, ഭരണപരമായ പരാജയം എന്നിവ വളർത്തുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും പരാമർശം നടത്തിയിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശം ബംഗാളി സ്ത്രീകൾ പങ്കെടുക്കുന്ന ആചാരമായ സിന്ദൂർ ഖേലയോടു ചേർത്തായിരുന്നു. ദുർഗാപൂജാവേളയിൽ ഭർതൃമതികളായ ബംഗാളി സ്ത്രീകൾ പരസ്പരം സിന്ദൂരം പുരട്ടുന്ന ആചാരമാണ് സിന്ദൂർഖേല. പരാമർശത്തിന് മണിക്കൂറുകൾക്ക് പിന്നാലെയായിരുന്നു മമത ബാനർജിയുടെ പ്രതികരണം.
“വ്യാജവാഗ്ദാനങ്ങൾ നൽകുന്ന പാർട്ടിയാണ് ബിജെപി. നിങ്ങൾ നുണകളുടെ മാലിന്യം പ്രചരിപ്പിക്കുകയാണ്. അവർ രാജ്യത്തെ കൊള്ളയടിക്കുകയാണ്” എന്നും മമത പരിഹസിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുന്നതുപോലെ സാംസ്കാരിക പ്രചാരണങ്ങളെ മോദി രാഷ്ട്രീയ വത്കരിക്കുകയാണെന്നും കള്ളത്തരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് സൈനിക നടപടിക്ക് കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂർ എന്ന് പേരു നൽകിയതെന്നും മമത ആരോപിച്ചു.