തമിഴ്നാടിന് വിദ്യാഭ്യാസവും ഭാഷയും ഉൾപ്പടെ കൂടുതൽ മേഖലകളിൽ സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭയിൽ അദ്ദേഹം ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനത്തിൻ്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിർദേശങ്ങളും ശുപാർശ ചെയ്യാൻ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ഉന്നതതല സമിതിയെ നിയോഗിച്ചു. 2 വർഷത്തിനുള്ളിൽൽ അന്തിമ റിപ്പോർട്ടും 2025ഓടെ ഇടക്കാല റിപ്പോർട്ടും കമ്മിറ്റി സമർപ്പിക്കും. മുഖ്യമന്ത്രിയായിരുന്ന കെ കരുണാനിധിയും 1974ൽ അന്നത്തെ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു.
കേന്ദ്രം സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കവരുന്നതിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തിൻ്റെ പരിധിയിൽ ഉണ്ടായിരുന്നതും പിന്നീട് കൺകറൻ്റ് ലിസ്റ്റിലേയ്ക്ക് മാറ്റിയതുമായ വിഷയങ്ങൾ തിരികെ സംസ്ഥാന സർക്കാരിന് കീഴിലേയ്ക്ക് കൊണ്ടുവരുന്നതുൾപ്പെടെ പരിശോധിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഖണ്ഡതയെ ബാധിക്കാത്ത വിധത്തിൽ കമ്മിറ്റി നിയമങ്ങൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും.
കേന്ദ്രത്തിന് കീഴിൽ സംസ്ഥാനങ്ങൾ നിൽക്കേണ്ടവയല്ല, മറിച്ച് പരസ്പര ബഹുമാനത്തോടെ, ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടതെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. കേന്ദ്രത്തിൻ്റെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന ത്രിഭാഷ ഫോർമുല ഉൾപ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കാതിരിക്കാനുള്ള വ്യവസ്ഥകളും മുഖ്യമന്ത്രി സ്റ്റാലിൻ തേടുന്നുണ്ട്. കേന്ദ്രസർക്കാരിൻ്റെ പരിധിയിൽ വരുന്ന നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുന്നതും പരിശോധിക്കുമെന്നാണ് വിവരം.