കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി നേതാവ് ആർ. ശ്രീലേഖയ്ക്ക് മാവേലിക്കര കോടതി നോട്ടീസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് നേരിട്ട് കോടതിയിൽ ഹാജരാകാനാണ് നിർദേശം. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ നൽകിയ ക്രിമിനൽ മാനനഷ്ട പരാതിയിലാണ് കോടതിയുടെ നടപടി.
ഒക്ടോബർ 14ന് പുനലൂരിൽ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച ഒരാളുടെ വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ പ്രകടിപ്പിക്കുന്നതെന്നായിരുന്നു അവരുടെ പ്രസ്താവന.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസും ശ്രീലേഖയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് നടപടി. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്.
നടപടിക്കെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച ശ്രീലേഖ, സർക്കാരിൻ്റെത് ഇരട്ടനീതിയാണെന്ന് ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയാൽ മാനനഷ്ടക്കേസും രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞാൽ കലാപാഹ്വാനക്കേസുമാണെന്നായിരുന്നു അവരുടെ പ്രതികരണം.