നവംബർ 25 മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി കർണാടകയിലെ കോഴി കർഷകർ. ഇൻ്റഗ്രേഷൻ കമ്പനികൾക്ക് സർക്കാർ നിർദേശിച്ച കുറഞ്ഞ വളർത്തൽ ചെലവായ കിലോഗ്രാമിന് 10 രൂപ നടപ്പാക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് കർണാടക സ്റ്റേറ്റ് പൗൾട്രി ഫാർമേഴ്സ് വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് അസോസിയേഷനും അഖില കർണാടക സ്റ്റേറ്റ് പൗൾട്രി ഫാർമേഴ്സ് വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് അസോസിയേഷനും സംയുക്തമായി ‘വിധാന സൗധ ചലോ’ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഏകദേശം 5,000 കർഷകർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
കോഴി വളർത്തുന്നതിനുള്ള കുറഞ്ഞ ചെലവായി കിലോഗ്രാമിന് 10 രൂപ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിട്ട് ഏകദേശം ആറുമാസമായെങ്കിലും ഇൻ്റഗ്രേഷൻ കമ്പനികൾ ഇത് നടപ്പാക്കാൻ തയ്യാറായിട്ടില്ലെന്നാണ് കർഷക സംഘടനകളുടെ ആരോപണം. നവംബർ 25-നകം സർക്കാർ ഉത്തരവ് കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കോഴിക്കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും നിർത്തുമെന്നും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നവംബർ 25ന് വൈകിട്ട് അഞ്ച് മണി മുതൽ സംസ്ഥാനത്തെ കർഷകർ സമരത്തിലേക്ക് കടക്കുമെന്ന് കർണാടക സ്റ്റേറ്റ് പൗൾട്രി ഫാർമേഴ്സ് വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് അസോസിയേഷൻ പ്രസിഡണ്ട് ടി.യശ്വന്ത് അറിയിച്ചു.