ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി മൈസൂരു നഗരത്തിലെ 42.5 കിലോമീറ്റർ ഔട്ടർ റിങ് റോഡിലെ മാലിന്യം നീക്കി ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ മൈസൂരു സിറ്റി കോർപറേഷൻ ആരംഭിച്ചു. കേന്ദ്രസർക്കാരിൻ്റെ സ്വച്ഛതാ ഹി സേവാ ക്യാംപെയ്‌നിൻ്റെ ഭാഗമായി ദേശീയപാതാ അതോറിറ്റിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് നടപടി.

ചാമുണ്ഡി ഹിൽസിൻ്റെ അടിവാരത്തുള്ള മാലിന്യക്കൂമ്പാരങ്ങൾ നീക്കി പ്രദേശങ്ങൾ മനോഹരമാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ആദിത്യ സർക്കിൾ, കെഇബി സർക്കിൾ, ബെലവട്ട റെയിൽവേ–മണിപ്പാൽ ആശുപത്രി സിഗ്നൽ, ആലനഹള്ളി റിങ് ജങ്ഷൻ, ദേവെഗൗഡ സർക്കിൾ, റോയൽ ഓക്ക് സർക്കിൾ, ഹിങ്കൽ മേൽപ്പാലം, കെആർഎസ്റോഡ് ജങ്ഷൻ, വിടിയു കോളജ് ജങ്ഷൻ, സതഗള്ളി ഡിപ്പോ ജങ്ഷൻ എന്നിവിടങ്ങളിലാണ് പ്രധാനമായും ശുചീകരണം നടത്തുന്നത്.

കെആർഎസ് റോഡിലുൾപ്പെടെ തകർന്ന മീഡിയനുകളും അടിപ്പാതകളും നവീകരിക്കാനും കോർപറേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ദസറയ്ക്ക് നഗരത്തിലെ പ്രധാന റോഡുകളും ജങ്ഷനുകളും കൂടുതൽ വൃത്തിയുള്ളതും സഞ്ചാരസൗഹൃദവുമാക്കുകയാണ് ലക്ഷ്യം.

Related Posts