കഴിഞ്ഞദിവസം പ്രഖ്യാപിച്ച ബെംഗളൂരു എസ്എംവിടി-കൊല്ലം പ്രത്യേക തീവണ്ടിയിൽ (16561) റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് തീർന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് എസ്എംവിടിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടിയിൽ ഇന്നലെ രാവിലെ എട്ടിന് റിസർവേഷൻ ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. പിന്നീട് ഉച്ചയ്ക്ക് മുൻപുതന്നെ തേഡ് എസിയിലും സ്ലീപ്പറിലും ടിക്കറ്റുകൾ തീർന്നു.
മലബാറിലേക്കുള്ള ഏക പ്രതിദിന തീവണ്ടിയായ യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ടിക്കറ്റില്ല. മലബാറിലേക്ക് പ്രത്യേക തീവണ്ടി സർവീസ് നടത്തുന്നില്ല. തീവണ്ടികളിൽ ടിക്കറ്റില്ലാതായതോടെ സ്വകാര്യ ബസുകളിൽ നിരക്കുയർത്തി. ബെംഗളൂരുവിൽനിന്ന് എറണാകുളം വരെയുള്ള യാത്രയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നുണ്ട്. 2500 രൂപയിൽ കുറഞ്ഞ നിരക്ക് ഈടാക്കുന്നത് വളരെ ചുരുക്കം ബസുകളിൽ മാത്രമാണ്. സാധാരണ 1500 രൂപ ഈടാക്കുന്ന സ്ഥാനത്താണ് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുന്നത്.