പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13ന് ബെംഗളൂരു സന്ദർശിക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന വേദികൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ 11 മണിക്കൂർ നേരത്തേക്ക് താൽക്കാലിക നോ-ഫ്ലൈ സോൺ പ്രഖ്യാപിച്ചു. ആകാശമാർഗമുള്ള സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനും സന്ദർശനവേളയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി.
പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 163-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് രാവിലെ 7 മുതൽ വൈകിട്ട് 4 വരെ പ്രാബല്യത്തിലുണ്ടാകും.
ആർ.എ. മണ്ടൂർക്കർ ഫയർ ആൻഡ് എമർജൻസി സർവീസസ് ട്രെയിനിങ് സെന്റർ ക്യാമ്പസിലെ ഹെലിപാഡ്-2, ബാനർഘട്ട റോഡിലെ തവരേക്കെരെ മെട്രോ സ്റ്റേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു (IIMB) ഓഡിറ്റോറിയം എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി എത്തിച്ചേരുന്ന ഹെലിപാഡ്-2, മെട്രോ സ്റ്റേഷൻ ഉദ്ഘാടനം നിർവഹിക്കുന്ന തവരേക്കെരെ, ഉദ്ഘാടനത്തിനുശേഷം പ്രത്യേക പരിപാടി നടക്കുന്ന ഐ.ഐ.എം.ബി ഓഡിറ്റോറിയം എന്നിവയാണ് സുരക്ഷാ നിയന്ത്രണത്തിൻ്റെ പരിധിയിൽ വരുന്നത്.
നിരോധിത മേഖലകളിൽ ഡ്രോണുകൾ, ആളില്ലാ വിമാനങ്ങൾ (UAV), ഗ്ലൈഡറുകൾ, ചെറുവിമാനങ്ങൾ, അനുമതിയില്ലാത്ത പ്രത്യേക വിമാന സർവീസുകൾ എന്നിവയുടെ പറക്കൽ പൂർണമായും നിരോധിച്ചിട്ടുണ്ട്.
സുരക്ഷാ നിയന്ത്രണങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി ഉത്തരവിൻ്റെ പകർപ്പുകൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും ഇന്ത്യൻ വ്യോമസേനയ്ക്കും (IAF) ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) കൈമാറിയിട്ടുണ്ട്.
പൊതുജനങ്ങളും ഡ്രോൺ ഉൾപ്പെടെയുള്ള ആകാശവിനോദ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. അറിയിച്ചിട്ടുള്ള മേഖലകളിൽ അനുമതിയില്ലാതെ പറക്കൽ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.