കന്നഡയിൽ നിന്നാണ് തമിഴ് ഭാഷയ്ക്ക് ലിപിയുണ്ടായതെന്ന് സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ. കന്നഡയുണ്ടായത് തമിഴിൽ നിന്നാണെന്ന നടൻ കമൽഹാസൻ്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയുടെ ഉത്പത്തിയെക്കുറിച്ച്‌ കമൽ കൂടുതൽ പഠിക്കണം. കന്നഡഭാഷയെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം. അതിന് കഴിയില്ലെങ്കിൽ പേര് തമിഴ്ഹാസനെന്നാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടകത്തിൽ വ്യാപകമായി കമൽഹാസൻ്റെ പരാമർശത്തിനെതിരേ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഹംസലേഖയും രംഗത്തുവന്നത്.

മാതൃഭാഷയിൽ അഭിമാനമുള്ളവരാണ് കന്നഡിഗർ. എന്നാൽ, ഭാഷയുടെപേരിൽ ഒരു അന്ധതയുമില്ല. തമിഴിന് ലിപി ലഭിച്ചത് കന്നഡയിൽ നിന്നാണെന്നാണ് ഭാഷാപണ്ഡിതർ പറയുന്നതെന്നും ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒന്നിപ്പിക്കാനാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശ്രമിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിലാണെന്നത് കമൽ ഓർക്കണം. സഖ്യത്തിന് ദോഷമുണ്ടാക്കുന്ന വിധം സംസാരിക്കാൻ പാടില്ല. ഐക്യത്തോടെ എല്ലാവരും മുന്നോട്ടു പോകണം. അതിനാൽ, കമൽ ക്ഷമാപണം നടത്തണമെന്നും ഹംസലേഖ പറഞ്ഞു.

കമൽഹാസൻ തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കമൽഹാസനെ പിന്തുണച്ച കന്നഡ നടൻ ശിവ രാജ്‌കുമാറിന് നേരെയും വിമർശനം ഉയർന്നിട്ടുണ്ട്. ക്ഷമാപണം നടത്തില്ലെന്നും വ്യക്തമാക്കി. ഇതോടെ, കർണാടകത്തിൽ കമലിൻ്റെ പുതിയ സിനിമയായ ‘തഗ് ലൈഫ് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ തീരുമാനം. കർണാടക സർക്കാരിൻ്റെ പിന്തുണയും ഉണ്ട്.

Related Posts