രാഹുൽ മാങ്കൂട്ടത്തിൽ പി വി അൻവറുമായുള്ള കൂടിക്കാഴ്ചയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്‍വറിനെ കാണാന്‍ രാഹുൽ പോയത് തെറ്റാണ്, പോകാൻ പാടില്ലായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം. ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കില്ല. രാഹുൽ അനിയനെ പോലെയാണ്. അതുകൊണ്ട് വ്യക്തിപരമായി നേരിട്ട് ശാസിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഒരു തീരുമാനമെടുത്ത് യുഡിഎഫ് നേതൃത്വം ചര്‍ച്ചയുടെ വാതിലടച്ചപ്പോള്‍, രാഹുല്‍ പോയത് തെറ്റാണ്. ഒരു ജൂനിയർ എംഎൽഎയെ ആണോ ചർച്ച നടത്താൻ ചുമതലപ്പെടുത്തുന്നത്? അൻവറുമായി ഒരു കോൺഗ്രസ് നേതാവും ചർച്ച നടത്താൻ പാടില്ലെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എൽഡിഎഫും യുഡിഎഫും തമ്മിലാണ് നിലമ്പൂരിൽ മത്സരം. സർക്കാരിൻ്റെ ഒന്‍പത് വർഷത്തെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അൻവറുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. പിണറായിസത്തിനെതിരായ പോരാട്ടത്തിൻ്റെ ട്രാക്ക് മാറരുതെന്നാണ് പി വി അൻവറിനോട് അഭ്യർഥിച്ചത് എന്നാണ് വിശദീകരണം.

അൻവറിൻ്റെ ഒതായിയിലെ വീട്ടിൽ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് രാഹുൽ എത്തി കൂടിക്കാഴ്ച നടത്തിയത്. ഇരുവരുടെയും കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. പാര്‍ട്ടി അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കിയിരിക്കെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ കൂടിക്കാഴ്ച.

Related Posts