മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ബിജെപി പ്രതിഷേധം. പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്കും വീട്ടിലേക്കും ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയത് സംഘർഷത്തിൽ കലാശിച്ചു. കെ.ബി.ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ പത്തനാപുരത്തെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ എത്തിയപ്പോൾ പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പ്രതിഷേധക്കാരെ നീക്കുന്നതിനിടെ പോലീസ് ലാത്തിവീശി. ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വനിതകളടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു. സ്ഥലത്ത് ഏറെനേരം ഗതാഗതം തടസപ്പെട്ടു. വാളകത്തെ കുടുംബ വീട്ടിൽവച്ച് ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നാണ് ഭാര്യ വെളിപ്പെടുത്തിയത്.