പശ്ചിമേഷ്യയിലെ സംഘർഷം അനുദിനം രൂക്ഷമാകവേ എണ്ണവിലയിൽ വൻ വർധന. എണ്ണവില ഇന്നലെ ഒരു ഘട്ടത്തിൽ ബാരലിന് 119.50 ഡോളർ വരെ ഉയർന്നശേഷം 110 ഡോളറായി. 2022നുശേഷം ആദ്യമായാണ് എണ്ണവില ഇത്രയധികം ഉയരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് അന്ന് വിലവർധനയ്ക്കു കാരണമായത്. അതിനുശേഷം ആദ്യമായാണ് എണ്ണവില 100 ഡോളർ കടക്കുന്നത്.
യുദ്ധം രണ്ടാം വാരത്തിലേക്കു കടന്നതിനു പിന്നാലെയാണ് എണ്ണവില ഉയർന്നത്. ഗൾഫ് രാജ്യങ്ങളിൽ എണ്ണവിതരണം നിർത്തിയിരിക്കുകയാണ്. ടെഹ്റാനിലെ എണ്ണഡിപ്പോകളിലേക്ക് ഇസ്രയേലും ആക്രമണം നടത്തി. ബഹ്റൈനിലെ റിഫൈനറിക്കു നേർക്ക് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഇറാക്കും കുവൈറ്റും യുഎഇയും ഉത്പാദനം കുറച്ചു. സംഭരണകേന്ദ്രങ്ങൾ നിറഞ്ഞതിനാൽ മിക്ക രാജ്യങ്ങളും ഉത്പാദനം മന്ദഗതിയിലാക്കി. ഇറാൻ ദിവസവും 16 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ ഭൂരിഭാഗവും ചൈനയിലേക്കാണ്. സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. എണ്ണവില വർധന മറ്റു വ്യവസായങ്ങളെയും സാരമായി ബാധിക്കുന്നു.
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതു മൂലം എണ്ണവിപണിയിൽ അനിശ്ചിതത്വമാണ്. ആഗോള എണ്ണവിതരണത്തിന്റെ 20 ശതമാനം കടന്നുപോകുന്നത് ഇതിലൂടെയായിരുന്നു. ഇറാന്റെ മിസൈൽ ആക്രമണഭീഷണിയെത്തുടർന്ന് കുവൈറ്റ്, ഇറാക്ക്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങൾ ഹോർമുസിലൂടെ കപ്പൽ കൊണ്ടുപോകുന്നില്ല.
വിപണിസമ്മർദം കുറയ്ക്കാൻ ജി-7 രാജ്യങ്ങൾ കരുതൽ ശേഖരത്തിൽനിന്ന് എണ്ണ നല്കാൻ തീരുമാനമെടുത്തേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇന്നലെ ജി-7 രാജ്യങ്ങളിലെ ധനമന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നെങ്കിലും തീരുമാനമുണ്ടായില്ല.