ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. സന്തോഷ് എം. ജോസ് എന്ന അധ്യാപകനെതിരെയാണ് നടപടിയെടുക്കുന്നത്.
വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം. ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം. ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ മാനേജ്മെന്റും അറിയിച്ചിരുന്നു.
ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം. ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്. സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണം നടക്കുകയാണ്