ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്. മൂന്നു വിക്കറ്റു മാത്രം ശേഷിക്കെ ആകെ 63 റൺസിൻ്റെ ലീഡ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഉള്ളത്. ക്യാപ്റ്റൻ ടെംബ ബാവുമ (29), കോർബിൻ ബോഷ് (ഒന്ന്) എന്നിവരാണ് ക്രീസിൽ. രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159 റൺസിനെതിരെ ഇന്ത്യ 189ന് എല്ലാവരും പുറത്താവുകയായിരുന്നു.
ക്യാപ്റ്റൻ ഗില്ലിന് പരിക്കേറ്റതിനെതുടർന്ന് റിട്ടയേർഡ് ഹർട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. 39 റൺസെടുത്ത കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സിമോൺ ഹാർമർ നാലും മാർകോ ജാൻസൺ മൂന്നും വിക്കറ്റ് വീഴ്ത്തി.
ശുഭ്മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ നയിക്കുന്നത്. ബാറ്റിങ്ങിനിടെ ശുഭ്മാൻ ഗില്ലിനു പരിക്കേറ്റിരുന്നു.