വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യൻ വനിതകള്‍ ഓസ്ട്രേലിയക്കെതിരെ നല്ല തുടക്കമിട്ട്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സെന്ന നിലയിലാണ്. 45 പന്തില്‍ 49 റണ്‍സുമായി സ്മൃതി മന്ദാനയും 57 പന്തില്‍ 40 റണ്‍സുമായി പ്രതികാ റാവലും ക്രീസില്‍.
വ്യക്തിഗത സ്കോര്‍ 18ല്‍ എത്തിയതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏകദിനങ്ങളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതി മന്ദാന സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്മൃതിയുടെ പേരിലായിരുന്നു. ഈ വര്‍ഷം കളിച്ച 17 ഏകദിനങ്ങളില്‍ നിന്ന് 982 റണ്‍സാണ് സ്മൃതി നേടിയത്. ഓസ്ട്രേലിയക്കെതിരെ 18 റണ്‍സ് കൂടി നേടിയതോടെ വനിതാ ഏകദിന ക്രിക്കറ്റില്‍ 1000 റണ്‍സ് തിയക്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും സ്മൃതിയുടെ പേരിലായി
1997ല്‍ 970 റണ്‍സടിച്ച ഓസ്ട്രേലിയയുടെ ബെലിൻഡ ക്ലാര്‍ക്കിന്റെ പേരിലായിരുന്നു വനിതാ ഏകദിനങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ റെക്കോര്‍ഡ്. 2022ല്‍ 882 റണ്‍സടിച്ച ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാർഡ്, 1997ൽ 880 റണ്‍സടിച്ച ന്യൂസിലന്‍ഡിന്റെ ഡെബ്ബി ഹോക്ലി 2016ല്‍ 853 റണ്‍സടിച്ച ആമി സാറ്റര്‍വൈറ്റ് എന്നിവരെയും സ്മൃതി റെക്കോര്‍ഡ് നേട്ടത്തില്‍ പിന്തള്ളിയിരുന്നു. ഈ വര്‍ഷം കളിച്ച 18 മത്സരങ്ങളില്‍ നാലു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും സ്മൃതി നേടി.