വീട്ടിൽ ഉറങ്ങിക്കിടന്ന ആറു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ പുളിഞ്ചോട് തച്ചാട്ട് വീട്ടിൽ നന്ദുമുകുന്ദൻ്റെയും ലക്ഷ്മിയുടെയും മകൾ അനാമികയാണ് മരിച്ചത്. ഉറക്കത്തിൽ കാലിൽ കടുത്ത വേദനയോടെ ഉണർന്ന അനാമിക വയറു വേദനിക്കുന്ന കാര്യം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ഉടനെ അനാമികയെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. അസ്വാഭാവികമായി ഒന്നും കാണാത്തതിനാൽ വയറുവേദനയ്ക്ക് മരുന്നും കാലിൽ പുരട്ടാനുള്ള മരുന്നും നൽകി കുറച്ചുനേരം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം വീട്ടിൽ തിരികെ വന്നു.

അടുത്തദിവസം രാവിലെ അനാമികയുടെ കാലിൽ നീരുവച്ചു. കാഴ്ച മങ്ങുകയും ചെയ്തു. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അവിടെനിന്നു രക്തം പരിശോധിച്ചപ്പോഴാണ് പാമ്പിൻവിഷം രക്തത്തിൽ കലർന്നതായി കണ്ടെത്തിയത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രി അനാമിക മരിച്ചു. തളിക്കുളം സിഎംഎസ് യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് അനാമിക. ഒരു ഇളയ സഹോദരനും സഹോദരിയും ഉണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

Related Posts