ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ ആണ് ഇന്ത്യൻ ട്വൻ്റി20 ടീമിനെ നയിക്കുക. തിലക് വർമയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ഇന്ന് മുംബൈയിൽ നടന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം ബിസിസിഐ ചീഫ് സിലക്ടർ അജിത് അഗാർക്കർ, സെക്രട്ടറി ദേവ്‌ജിത് സൈകിയ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിനാണ് ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരെ ട്വന്റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചത്.

2023 ഡിസംബറിൽ ഓസ്‌ട്രേലിയയ്ക്കെ‌തിരെയാണ് ശ്രേയസ് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ ട്വൻ്റി20 മത്സരം കളിച്ചത്. ഐപിഎലിൽ പഞ്ചാബ് കിങ്സിനെ പ്ലേ ഓഫിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും ബാറ്റിങ്ങിൽ തിളങ്ങിയ അയ്യർ, 498 റൺസ് അടിച്ചെടുത്തിരുന്നു. ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി ടീമിൽ ഇടംനേടി. കഴിഞ്ഞ ഐപിഎലിൽ വൈഭവ് സൂര്യവംശി 776 റൺസെടുത്ത് ടോപ് സ്കോററായിരുന്നു. ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടത്തിലേക്ക് ഇന്ത്യയെത്തിയത് സൂര്യകുമാർ യാദവിനു കീഴിലാണ്. എന്നാൽ ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാൻ ഇന്ത്യൻ ക്യാപ്റ്റനു സാധിച്ചിരുന്നില്ല. ലോകകപ്പിൽ ഒൻപതു മത്സരങ്ങൾ കളിച്ച താരത്തിന് 242 റൺസ് മാത്രമാണു നേടിയത്. ഐപിഎലിൽ മുംബൈ ജഴ്‌സിയിൽ 270 റൺസെടുത്തും നിരാശപ്പെടുത്തിയതോടെയാണ് സൂര്യയ്ക്ക് ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവും ഒരുമിച്ചു നഷ്ടമാകുന്നത്.

ഇംഗ്ലണ്ടിനും അയർലൻഡിനിമെതിരായ പരമ്പരയ്ക്കുള്ള ടീം
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശിവം ദുബൈ, നിതീഷ് കുമാർ റെഡ്‌ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്‌ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയി, ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, അർഷ്‌ദീപ് സിങ്

Related Posts