ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട രാജ്യാന്തര കരിയറിന് 39-ാം വയസിലാണ് മെസി വിരാമമിടുന്നത്. അർജന്റീനയ്ക്കായി കളിച്ച കാലയളവിൽ ലോകകപ്പ് ഉൾപ്പെടെ പ്രധാന കിരീടങ്ങളെല്ലാം സ്വന്തമാക്കിയാണ് താരം പടിയിറങ്ങുന്നത്. 2022ലെ ഖത്തർ ലോകകപ്പ് കിരീടനേട്ടമാണ് മെസിയുടെ രാജ്യാന്തര കരിയറിലെ ഏറ്റവും തിളക്കമേറിയ അധ്യായം. 2014ലും 2026ലും അർജന്റീനയെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിലും മെസി നിർണായക പങ്കുവഹിച്ചു. 2008ലെ ഒളിമ്പിക്സ് സ്വർണം, 2021ലെയും 2024ലെയും കോപ്പ അമേരിക്ക കിരീടങ്ങൾ എന്നിവയും അദ്ദേഹത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു.
അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകളാണ് മെസി നേടിയത്. രാജ്യത്തിൻ്റെ ജേഴ്സിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങളും ഗോളുകളും സ്വന്തമാക്കിയ താരമെന്ന നിലയിലും മെസി ചരിത്രത്തിൽ ഇടം നേടി. വിരമിക്കൽ തീരുമാനത്തെക്കുറിച്ച് സംസാരിച്ച മെസി, ലോകകപ്പ് ഫൈനലിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് പറഞ്ഞു. പിന്നീട് പിതാവിൻ്റെ മരണത്തോടെ തീരുമാനം കൂടുതൽ ഉറപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
“അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തോട് നന്ദിയുണ്ട്” എന്ന വികാരഭരിതമായ വാക്കുകളോടെയാണ് മെസി തൻ്റെ യാത്രയെ ഓർത്തെടുത്തത്. കിരീടങ്ങൾ നേടിയ കാലത്ത് മാത്രമല്ല, അതിന് മുമ്പുള്ള പ്രയാസകരമായ ഘട്ടങ്ങളിലും ടീമിനായി താൻ പരമാവധി നൽകിയിട്ടുണ്ടെന്നും ഇനി ടീമിന് നൽകാൻ ഒന്നും ബാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ടീമിനെ ഇനിയും പിന്തുണയ്ക്കുമെന്നും പ്രത്യേകിച്ച് മോശം സമയങ്ങളിൽ കൂടുതൽ ഒപ്പമുണ്ടാകുമെന്നും മെസി വ്യക്തമാക്കി. തൻ്റെ കരിയറിലെ അവിസ്മരണീയമായ ഓർമകളുമായാണ് മടങ്ങുന്നതെന്നും തീരുമാനം വേദനാജനകമാണെങ്കിലും വിരമിക്കാൻ ഇതാണ് ശരിയായ സമയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അർജന്റീന കരിയറിൽ ലോകകപ്പ് സ്വപ്നം സാക്ഷാത്കരിക്കുകയും കോപ്പ അമേരിക്ക കിരീടങ്ങൾ സ്വന്തമാക്കുകയും ഒളിമ്പിക്സ് സ്വർണം നേടുകയും ചെയ്ത മെസി, കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ ശേഷമാണ് രാജ്യാന്തര ഫുട്ബോളിനോട് വിടപറയുന്നത്.