കർണാടകയിലെ ശിവമോഗയിൽ വീട്ടിൽ നടത്തിയിരുന്ന കഞ്ചാവ് കച്ചവടത്തെ എതിർത്ത മുത്തശ്ശിയെ ചെറുമകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മിലാഘട്ട് വാർഡിൽ താമസിച്ചിരുന്ന സുശീല (55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയായ 26-കാരൻ കിഷോറിനെ പൊലീസ് കാലിൽ വെടിവച്ച് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു.

പൊലീസ് അന്വേഷണത്തിൽ, കിഷോർ വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായും ഇത് സുശീല ശക്തമായി എതിർത്തിരുന്നതായും കണ്ടെത്തി. ലഹരി ഉപയോഗിച്ചിരുന്ന കിഷോർ ഇക്കാര്യം ചൊല്ലി മുത്തശ്ശിയുമായി പതിവായി തർക്കത്തിലേർപ്പെട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

സംഭവദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസിൽ പരാതി നൽകുമെന്ന് സുശീല അറിയിച്ചതോടെ വീടിന് പുറത്തേക്ക് ഇറങ്ങിയ മുത്തശ്ശിയെ കിഷോർ പിന്തുടരുകയായിരുന്നു. റോഡിലേക്ക് തള്ളിയിട്ട ശേഷം കൂറ്റൻ കല്ല് ഉപയോഗിച്ച് തലയിൽ അടിച്ചാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിൽ പ്രതിയെ കണ്ടെത്തിയെങ്കിലും അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കിഷോറിൻ്റെ കാലിൽ വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പ്രതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Posts