തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യുന്നത് പൂർണമായും നിരോധിച്ച ഹൈക്കോടതി ഉത്തരവ് നിലവിലെ നിയമത്തിന് വിരുദ്ധമാണെന്നാണ് സർക്കാരിൻ്റെ വാദം.
1958-ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമപ്രകാരം, ജോലിക്കും പ്രജനനത്തിനും യോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ 10 വയസിന് മുകളിലുള്ള പശുക്കളെ കശാപ്പ് ചെയ്യാൻ അനുമതിയുണ്ടെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമത്തിന് അതീതമായി സമ്പൂർണ നിരോധനം ഏർപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിറക്കിയതെന്നും സർക്കാർ വ്യക്തമാക്കി.
ബക്രീദ് സമയത്ത് കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ കശാപ്പ് തടയണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി സംസ്ഥാനത്തുടനീളം ബാധകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയുടെ പരിധിക്കപ്പുറമുള്ള ഉത്തരവാണ് കോടതിയിൽ നിന്നുണ്ടായതെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.