മലപ്പുറം ജില്ലയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിന് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് നടന്ന ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യക്തമാക്കി. കേസിലെ പ്രധാന പ്രതികളും കർണാടകയിലെ താലിക്കോട്ടെ ‘ചേതൻ എന്റർപ്രൈസസ്’ ഉടമകളുമായ മന്തഗൗണ്ട് ബിരാദാർ, ബാപഗൗണ്ട് ഭീരമായ ചൗധരി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് നിർണായകമാണെന്ന് കോടതി നിരീക്ഷിച്ചു.
2026 ഫെബ്രുവരി 7-ന് മലപ്പുറം തിരുരങ്ങാടിയിൽ ഉള്ളി ചാക്കുകൾ കയറ്റിവന്ന ലോറിയിൽ നിന്ന് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 1.05 ലക്ഷം നോൺ-ഇലക്ട്രിക് ഡെറ്റണേറ്ററുകളും പൊലീസ് പിടികൂടിയിരുന്നു. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ അളവ് കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രിലിലാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്.
അന്വേഷണത്തിൽ സ്ഫോടകവസ്തുക്കളുടെ ഉറവിടം മറച്ചുവെക്കാൻ പാക്കറ്റുകളിലെ ബാർകോഡുകൾ മനഃപൂർവ്വം നശിപ്പിച്ചതായും, ജിഎസ്ടി ഇ-വേ ബില്ലുകൾ ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്നും എൻഐഎ കോടതിയെ അറിയിച്ചു. കൂടാതെ, പിടികൂടിയ സ്ഫോടകവസ്തുക്കൾ പിന്നീട് മറ്റൊരാൾ വാങ്ങിയതായി കാണിച്ച് വ്യാജ വിൽപന രേഖകളും തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രധാന പ്രതിയായ മന്തഗൗണ്ട് ബിരാദാർ മുൻപും സമാന സ്ഫോടകവസ്തു കടത്ത് കേസിൽ പ്രതിയായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി. സ്ഫോടകവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യവും ഇതിന് പിന്നിലുള്ള ശൃംഖലയും കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എൻഐഎയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.