സി.പി.എം വിമത അംഗം കലാ രാജു യു.ഡി.എഫ് പിന്തുണയോടെ കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടു. 12 നെതിരെ 13 വോട്ടുകൾക്കാണ് സി.പി.എം സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിക്ക് നഗരസഭ ഭരണം നഷ്ടമായത് ഈ മാസം 5 ന് യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ്. അവിശ്വാസപ്രമേയത്തിൽ കലാ രാജു, സ്വതന്ത്ര അംഗം പി.ജി. സുനിൽ കുമാർ എന്നിവർ യു.ഡി.എഫിനെ പിന്തുണച്ചിരുന്നു.

കലാ രാജുവിനെ സി.പി.എം പ്രവർത്തകർ കഴിഞ്ഞ ജനുവരിയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു. കഴിഞ്ഞ ജനുവരി 18 നായിരുന്നു നാടകീയ സംഭവം. എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ സി.പി.എം പ്രവർത്തകർ തട്ടിക്കൊണ്ടു പോകുകയും വസ്ത്രം പിടിച്ച് വലിക്കുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു.

വൈകിട്ട് കലാ രാജുവിനെ വിട്ടയക്കുകയും സംഭവത്തിൽ 2 സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിശ്വാസ പ്രമേയ ചർച്ച അലങ്കോലപ്പെടുത്തിയതിലും തട്ടിക്കൊണ്ടു പോകലിലും സി.പി.എമ്മിനെതിരെ കലാ രാജു ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഒരു സ്ത്രീയോട് പാർട്ടി ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ ഇതാണ് തന്‍റെ പ്രതികരണമെന്നും മനഃസാക്ഷിക്ക് യോജിച്ചപോലെയാണ് അവിശ്വാസത്തെ പിന്തുണച്ചാണെന്നും കലാ രാജു പറഞ്ഞു.

Related Posts