നടിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നാളെ നിർണായക വിധി. 2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. ദിലീപ് അടക്കം 10 പ്രതികളുണ്ട്. പെരുമ്പാവൂർ സ്വദേശി സുനിൽകുമാർ എന്ന പൾസർ സുനിയാണ് ഒന്നാംപ്രതി.
ബി മണികണ്ഠൻ, മാർട്ടിൻ ആന്റണി, വി പി വിജീഷ്, വടിവാൾ സലിം (എച്ച് സലിം), ചാർലി തോമസ്, പ്രദീപ്, എന്നിവരാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിക്കുക.
2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാൾ ജയിലിൽ കഴിഞ്ഞ പൾസർ സുനിക്ക് 2024 സെപ്തംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
കൂട്ടമാനഭംഗം, അന്യായ തടങ്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ളീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നിവയിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം.