തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം–ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് ഇരുവിഭാഗങ്ങൾക്കുംമെതിരെ കേസെടുത്തു. ഇരു കക്ഷികളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ മേയറും ഡെപ്യൂട്ടി മേയറും ഉൾപ്പെടെയുള്ളവർക്കെതിരെയും, ബിജെപി കൗൺസിലറുടെ പരാതിയിൽ വി.വി. രാജേഷ്, എസ്.പി. ദീപക്, ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിവരടക്കം അഞ്ച് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
കാപ്പാ കേസിൽ ജയിലിലുള്ള കൗൺസിലർ ആർ. സുഗതൻ്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ റിലേ സമരത്തിനിടെയാണ് കോർപ്പറേഷനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വാക്കുതർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ മേയറുൾപ്പെടെ നിരവധി കൗൺസിലർമാർക്ക് പരിക്കേറ്റു.
സംഘർഷത്തിനിടെ ബിജെപി നേതാവ് വി.വി. രാജേഷ് നിലത്തുവീഴുകയും, അദ്ദേഹത്തെ പൊലീസ് ഏറെ പണിപ്പെട്ട് ഓഫീസിനുള്ളിലേക്ക് മാറ്റുകയും ചെയ്തു. കാലിന് പരിക്കേറ്റ വി.വി. രാജേഷിന് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. സിപിഎം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയുടെ തലയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ പരിസരത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.