നടി അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്. കടവന്ത്ര സി.ഐ എറണാകുളം എസ്‌പിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് നിലവിലെ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

മറ്റൊരാൾ പറഞ്ഞതായി പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം. അൻസിബയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസിൻ്റെ റിപ്പോർട്ട് പുറത്തുവന്നത്.

ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നും, തൻ്റെ ഡ്രൈവറെ മതംമാറ്റാൻ ശ്രമിച്ചെന്ന വ്യാജപ്രചാരണം ഉൾപ്പെടെ അസത്യമായ ആരോപണങ്ങൾ പ്രചരിപ്പിച്ചുവെന്നുമാണ് അൻസിബ പരാതിയിൽ പറഞ്ഞത്. ഇതിലൂടെ തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് വേട്ടയാടിയെന്നും അവർ ആരോപിച്ചിരുന്നു.

സംഭവങ്ങൾ മൂലം താൻ കടുത്ത മാനസിക പീഡനം അനുഭവിച്ചെന്നും, ടിനി ടോമിൻ്റെ പെരുമാറ്റം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. മാധ്യമങ്ങളിലൂടെ വിവാദം ഉയർന്നതിനു പിന്നാലെയായിരുന്നു പരാതി.

Related Posts