ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ അനധികൃത പാർക്കിങ്ങിനെ ചൊല്ലിയ തർക്കം കത്തിക്കുത്തിലും ആക്രമണത്തിലും കലാശിച്ചു. സംഭവത്തിൽ റിട്ടയേർഡ് ബി.എം.ടി.സി കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ട് മലയാളി യുവാക്കളെ പരപ്പന അഗ്രഹാര പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
ടാക്സി കാറിൽ എത്തിയ യുവാക്കൾ വാഹനം വഴിതടസ്സപ്പെടുത്തുന്ന രീതിയിൽ പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. പിന്നാലെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് റിട്ട. കണ്ടക്ടറെ യുവാക്കൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റയാളെ രക്ഷിക്കാനും പ്രതികളെ പിടികൂടാനുമായി ഓടിയെത്തിയ നാട്ടുകാർക്കും നേരെ യുവാക്കൾ ആക്രമണം നടത്തി. ശീതളപാനീയ കുപ്പികളും കല്ലുകളും എറിഞ്ഞ് നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സാഹസികമായി പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
പ്രതികൾ ലഹരിമരുന്നിന് അടിമകളാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇവരുടെ ബാഗിൽ നിന്ന് നിരോധിത ലഹരിമരുന്നെന്ന് സംശയിക്കുന്ന വെളുത്ത പൊടി അടങ്ങിയ പാക്കറ്റും കണ്ടെത്തിയിട്ടുണ്ട്. ഇത് രാസപരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശത്ത് ആശങ്ക ശക്തമായിട്ടുണ്ട്.