സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ചു ബാംഗ്ലൂർ ജില്ലാ ജം ഇയ്യത്തുൽ മുഅല്ലിമീൻ്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് മെസ്സേജ് റാലി എന്ന പേരിൽ സമ്മേളന സന്ദേശ യാത്ര നടത്തി. ബാംഗ്ലൂരിലെ നീലസാന്ദ്ര ദർഗയിൽ വെച്ച് തുടങ്ങിയ പദയാത്ര എസ് ആർ കെ കൺവെൻഷൻ സെന്ററിൽ അവസാനിച്ചു. ബഷീർ ഫൈസി ദേശമംഗലം യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് ഈ വരുന്ന ഫെബ്രുവരിയിൽ കാസർകോട് കുണിയയിൽ വെച്ച് നടക്കുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. എസ് കെ എസ് എസ് എഫ്, എസ് കെ ജെ എം, എസ് കെ എം എം എ, എസ് വൈ എസ്, എസ് കെ എസ് ബി വി, തുടങ്ങിയ സമസ്തയുടെ മുഴുവൻ പോഷക ഘടകങ്ങളുടെയും പ്രവർത്തകർ റാലിയിൽ അണി നിരന്നു. മദ്രസ വിദ്യാർത്ഥികളുടെ ദഫ് പ്രദർശനം റാലിക്കു ആകർഷണമേകി. വൈകിട്ട് അഞ്ചു മണിക്ക് പ്രാർത്ഥനയോടെ തുടങ്ങിയ റാലി ആറു മണിയോടെ അവസാനിച്ചു. റാലിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഇഫ്താർ സൗകര്യം ഏർപ്പെടുത്തിയിരുന്നു.
റസാഖ് ഫൈസി, സുഹൈൽ ഫൈസി, ഹുസൈനാർ ഫൈസി, മുസ്തഫ ഹുദവി, സമദ് മൗലവി മാണിയൂർ, ഹംസ ഫൈസി, ഇസ്മായിൽ സൈനി, നൗഷാദ് ബൊമ്മനഹള്ളി, ഷാജൽ സി എച്ച്, നാസർ നീലസാന്ദ്ര, ഹാഷിം നീലസാന്ദ്ര, സലാം മാർഖം റോഡ്, സിറാജ് നീലസാന്ദ്ര, നസീർ ബൊമ്മനഹല്ലി തുടങ്ങിയവർ റാലിക്കു നേതൃത്വം നൽകി.