മൈസൂർ സർവകലാശാലയുടെ കീഴിലുള്ള മൈസൂരു പ്ലാനറ്റോറിയം അടുത്തമാസം ആദ്യവാരം തുറക്കും. സർവകലാശാലയുടെ കീഴിലുള്ള ചാമുണ്ടി കുന്നുകളുടെ താഴ്വ‌രയിലുള്ള മൂന്നര ഏക്കർ സ്ഥലത്ത് ശ്രീ ജയചാമരാജ വാഡിയാർ സെൻ്റർ ഫോർ ഹയർ ലേണിങ്സിലാണ് പദ്ധതി വരുന്നത്. മേൽക്കൂര താഴികക്കുടത്തിൻ്റെ ആകൃതിയിൽ മനോഹരമായാണ് പ്ലാനറ്റോറിയം ഒരുക്കുന്നത്. കേന്ദ്രത്തിൽനിന്നുള്ള അഞ്ച് കോടി രൂപയും എംപി ഫണ്ടിൽനിന്ന് 85 കോടിയും ചെലവഴിച്ചാണ് പ്ലാനറ്റോറിയത്തിൻ്റെ പ്രവൃത്തി നടക്കുന്നത്.

പ്രപഞ്ചശാസ്ത്ര ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം എന്നിവയ്ക്കുള്ള ഒരു കേന്ദ്രമായായാണ് പ്ലാനറ്റോറിയം വിഭാവനം ചെയ്‌തിരിക്കുന്നത്. കുന്നുകളുടെ താഴ്വരത്തിൽ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കിടയിലാണ് മൂന്ന് നിലകളുള്ള കെട്ടിടം നിർമിച്ചിരിക്കുന്നത്. താഴികക്കുടത്തിൻ്റെ പുറത്ത് വർണാഭമായ എൽഇഡി ബൾബുകൾ സ്ഥാപിച്ച് മനോഹരമായ ദൃശ്യാനുഭവം ഒരുക്കും.

കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ 2022 മാർച്ചിലാണ് ഇതിൻ്റെ തറക്കല്ലിട്ടത്.

Related Posts