ബാംഗ്ലൂർ വാരിയർ സമാജത്തി( രജി)ൻ്റെ ഓണാഘോഷം ‘വർണ്ണം 2025’ ബാംഗ്ളൂരിലെ കഗ്ഗദാസപുരയിലുള്ള വി.കെ.സ്പോർട്സ് ക്ലബിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പുതുതലമുറക്കാർ പൂക്കളമിട്ട് ചെണ്ടമേളാരവത്തോടെ മാവേലിയെ സ്വീകരിച്ചു. ഭാരവാഹികളും മുഖ്യ സ്പോൺസറും ഭദ്രദീപം കൊളുത്തി തുടങ്ങിയ ചടങ്ങിൽ സമാജം പ്രസിഡണ്ട് എം.വി.വിജയൻ അദ്ധ്യക്ഷനായിരുന്നു. വായുസേനയിൽ നിന്നു ചീഫ് എയർ മാർഷൽ ആയി വിരമിച്ച സുരേഷ് കുമാർ മുഖ്യാതിഥി ആയിരുന്നു.

പ്രമുഖ വ്യവസായിയും ശബ്ദാനുകരണ കലയിൽ പ്രാവീണ്യമുള്ള രവികുമാർ എ.വി(മുൻ സി.ഇ.യും മാനേജിംഗ് ഡയറക്ടർ) അവതരിപ്പിച്ച പുതുമയേറിയ ശബ്ദവീചികാനുകരണ കലാപരിപാടി കാണികളെ ഹഠാദാകർഷിച്ചു. രവികുമാറിൻ്റെ മകളും ചലചിത്ര നടിയുമായ അശ്വതി വാരിയരുടെ പങ്കാളിത്തം ഈ ആഘോഷത്തിൻ്റെ മാറ്റുകൂട്ടി. വാര്യന്മാരുടെ പരമ്പരാഗതതൊഴിലായ ‘മാലകെട്ടൽ’ മത്സരത്തിലെ വിജയികൾക്കു സമ്മാനം നൽകി അനുമോദിച്ചു. സമാജാംഗങ്ങളും കുട്ടികളും ചേർന്നൊരുക്കിയ സംഗീതവും വിവിധ നൃത്തരൂപങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. ചടങ്ങിലെ മുഖ്യ ആകർഷണമായി മാറിയത് സുജാവാരിയരുടെ നേതൃത്വത്തിൽ വനിതാംഗങ്ങൾ അവതരിപ്പിച്ച മെഗാതിരുവാതിര ആയിരുന്നു. ഏകദേശം 65 വനിതകൾ കണ്ണഞ്ചിപ്പിക്കുന്ന പ്രദർശനമാണ് കാഴ്ചവച്ചു. പ്രശസ്ത പിന്നണിഗായിക അഞ്ജലി വാരിയർ മധുരമായി ഗാനങ്ങൾ ആലപിച്ചത് ചടങ്ങിനെ മികവുറ്റതാക്കി മാറ്റി.

പഠനത്തിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ക്യാഷ് പ്രൈസ് നൽകി അനുമോദിക്കുകയും ചെയ്തു. 70 വയസ്സ് കഴിഞ്ഞ മുതിർന്ന സമാജംഗങ്ങളെ പൊന്നാടയിട്ട് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു

കേരളത്തിൽ പാചകകലയിൽ പ്രശസ്തി നേടിയിട്ടുള്ള ശ്രീകൃഷ്ണപുരത്തുള്ള വിജയൻ വാരിയരും സംഘവും ആണ് ആഘോഷത്തിനു സ്വാദിഷ്ഠമായ ഓണസദ്യയൊരുക്കി. എഴുനൂറിൽ പരം അംഗങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്തു. നന്ദി പ്രകടനത്തിനു ശേഷം ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

Related Posts