ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) വീണ്ടും വിശദമായി ചോദ്യം ചെയ്തു. തിങ്കളാഴ്ച ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക നീക്കം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എച്ച്. വെങ്കിടേഷിൻ്റെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യൽ എട്ട് മണിക്കൂറിലേറെ നീണ്ടു.
2025-ൽ ശബരിമലയിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എസ്ഐടി പ്രധാനമായും പരിശോധിച്ചത്. ഈ സ്വർണപ്പാളി കൈമാറ്റത്തിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് പുതിയ കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.
സ്വർണപ്പാളി കൈമാറ്റത്തിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്നും, ചട്ടങ്ങൾ ലംഘിച്ചാണ് 2025-ൽ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ.
2019-ലെ സ്വർണക്കൊള്ള മറച്ചുവെക്കാനാണ് 2025-ൽ ദ്വാരപാലക സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കെന്ന പേരിൽ ചെന്നൈയിലേക്ക് മാറ്റിയതെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മുൻ ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും സ്വർണപ്പാളി കൈമാറ്റത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2025-ൽ സ്വർണത്തിൻ്റെ നിറം മങ്ങിയിട്ടും ദേവസ്വം ബോർഡ് അന്വേഷണം നടത്താൻ തയ്യാറായില്ലെന്നും, വാറന്റിയുണ്ടെന്ന കാരണത്താൽ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്നുമാണ് എസ്ഐടിയുടെ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നത്.