ശബരിമലയിൽ സ്വർണ്ണക്കടത്ത് നടന്നതായി സ്ഥിരീകരിച്ച് അന്വേഷണ സംഘം. വിഎസ്എസ്സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ശാസ്ത്രീയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം കുറവ് വന്നതായി കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.
എഡിജിപി എച്ച് വെങ്കിടേഷാണ് റിപ്പോർട്ട് കോടതിക്ക് നൽകുന്നത്. കൊല്ലം വിജിലൻസ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയിൽ നിന്ന് ശാസ്ത്രീയ പരിശോധനാഫലം സീൽ വച്ച കവറിൽ നൽകിയത്. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് വിഎസ്എസ്സി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറിയത്. ചെമ്പു പാളികളിലെ സ്വർണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ടാണിത്.