കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യും.
ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു തുല്യമായ നടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസ് രജിസ്റ്റർ ചെയ്യുന്നതോടെ പ്രതികളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുക. അന്വേഷണം കൊച്ചി അഡി.ഡയറക്ടർ രാകേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ്.