താരസംഘടനയായ ‘അമ്മ’യിൽ നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും രാജിക്കാര്യം അറിയിച്ചത്.

സംഘടനയിൽ നിലവിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് വ്യക്തമാക്കിയ ഇരുവരും, കഴിഞ്ഞ ഒരു ദശാബ്ദമായി വിവിധ വിഷയങ്ങളിൽ മാറ്റത്തിനായി ശ്രമിച്ചെങ്കിലും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിച്ചത് മൗനവും അകൽച്ചയുമാണെന്ന് കുറിപ്പിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നുവെന്നും, പിന്നീട് പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ അധികാര രീതികൾ വീണ്ടും തിരിച്ചുവന്നുവെന്നും ഇരുവരും വിമർശിച്ചു.

‘ഈ പടിയിറക്കം പിന്മാറ്റമല്ല, ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനമാണ്. ഒരു സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസ്യതയാണ്’ എന്നും രേവതി കുറിപ്പിൽ വ്യക്തമാക്കി.

‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങൾ തുടരുന്നതിനിടെയാണ് ഇരുവരുടെയും രാജി ശ്രദ്ധേയമായിരിക്കുന്നത്.

Related Posts