മണിപ്പുരിലെ ഉഖ്രുൽ ജില്ലയിൽ അസം റൈഫിൾസ് സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ സായുധ ആക്രമണം നടന്നു. സംഭവത്തിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചപ്പോൾ നിരവധി പേർക്ക് പരിക്കേറ്റു.
ഐഇഡി സ്ഫോടനം നടത്തിയാണ് ആദ്യം ആക്രമണം ആരംഭിച്ചത്. തുടർന്ന് ആക്രമികൾ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാഗാ വിഘടനവാദി സംഘങ്ങളുടെ പങ്കാണ് അന്വേഷണസംഘം സംശയിക്കുന്നത്.
സംഭവത്തിന് പിന്നാലെ ഉഖ്രുൽ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷ ശക്തമാക്കി. ആക്രമണത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ സൈന്യവും മറ്റ് സുരക്ഷാസേനകളും സംയുക്ത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ മണിപ്പുർ ഗവർണറും സംസ്ഥാന സർക്കാരും ശക്തമായി അപലപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.