നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിലെ തടാകം കരകവിഞ്ഞതിനെ തുടർന്ന് വീണ്ടും മിന്നൽപ്രളയത്തിന് സാധ്യതയെന്ന് നേപ്പാൾ മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉടൻ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് നേപ്പാൾ പൊലീസ് നിർദേശിച്ചു.

രണ്ട് ദിവസം മുമ്പുണ്ടായ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 469 പേർ മരിക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ പ്രളയഭീഷണി ഉയർന്നിരിക്കുന്നത്.

ചൈന–നേപ്പാൾ അതിർത്തിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രൂപപ്പെട്ട തടാകത്തിലെ ജലം കരകവിഞ്ഞ് രക്ഷാപ്രവർത്തകർ നേരത്തെ എത്തിയിരുന്ന പ്രദേശത്തേക്ക് ഒഴുകിയെത്തിയതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു. ഇതോടെ ടിബറ്റിലെ രക്ഷാപ്രവർത്തനങ്ങളും ചൈന താൽക്കാലികമായി നിർത്തിവച്ചു.

രക്ഷാപ്രവർത്തക സംഘങ്ങളോട് നിലവിലുള്ള സ്ഥലത്ത് തന്നെ കാത്തിരിക്കാനും അടിയന്തര സാഹചര്യത്തിൽ കൂടുതൽ നിർദേശങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ പ്രദേശത്ത് എത്തിയ അടിയന്തര രക്ഷാസംഘങ്ങളോട് ഒരു കിലോമീറ്റർ പിന്നിലേക്ക് മാറാനും നിർദേശം നൽകിയിട്ടുണ്ട്.

ബുധനാഴ്ച ടിബറ്റിലെ ഗ്വിറോങ് അതിർത്തി മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്നാണ് ചെളിയും പാറകളും മറ്റ് അവശിഷ്ടങ്ങളും തടഞ്ഞുനിന്ന് തടാകം രൂപപ്പെട്ടത്. തടാകത്തിലെ ജലനിരപ്പ് ഉയർന്നതോടെ സമീപ പ്രദേശങ്ങളിൽ വീണ്ടും പ്രളയസാധ്യത ശക്തമായി.

ദുരന്തബാധിത മേഖലയിൽ നേപ്പാൾ 13,000ലേറെ സൈനിക ഉദ്യോഗസ്ഥരെയും സായുധ പൊലീസ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. 69ഓളം വിമാനങ്ങളിലായി ഇതുവരെ 573 പേരെ രക്ഷപ്പെടുത്തിയതായി പ്രധാനമന്ത്രി അറിയിച്ചു.

പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാനും ദുരന്തബാധിതരെ താമസിപ്പിക്കാൻ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Related Posts