ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ സാഹിത്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും ഇഴകളിൽ കോർത്തിണക്കി, തിരുവോണനാളിൽ തന്നെ സുരഭിലം ഗ്ലോബൽ സംഘടിപ്പിച്ച ‘ഓണം ഓൺലൈനിൽ’ വേറിട്ടൊരു സാംസ്കാരിക കൂട്ടായ്മയായി.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരഭിലം ഗ്ലോബലിൻ്റെ ഓൺലൈൻ ഓണാഘോഷം കർണാടക സാഹിത്യ അക്കാദമി പുരസ്കാര ജേതാവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. സുരഭിലം ഗ്ലോബൽ ചെയർമാൻ വിഷ്ണുമംഗലം കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ഗൂഗിൾ മീറ്റ് സംഗമത്തിൽ ജനറൽ കോർഡിനേറ്റർ ഡോ.സുഷമ ശങ്കർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ തങ്കച്ചൻ പന്തളം നന്ദിയും രേഖപ്പെടുത്തി.
ഓണത്തിൻ്റെ ഓർമ്മകളും സാഹിത്യചിന്തകളും നർമ്മവും സംഗീതവും ഒത്തുചേർന്ന പരിപാടിയിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സാഹിത്യ-സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. ഹരിപ്പാടുനിന്ന് സുരേഷ് മണ്ണാറശാല, ബെംഗളൂരുവിൽ നിന്ന് വി.ആർ.ഹർഷൻ, കണ്ണൂരിൽ നിന്ന് കൃഷ്ണൻ നമ്പ്യാർ, ബാങ്കോക്കിൽ നിന്ന് ജഗദാ കല്യാണി, ദുബായിൽ നിന്ന് ഉഷ ചന്ദ്രൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
മുഹമ്മദ് യൂനസ് (മലേഷ്യ), രത്ന ഉണ്ണി (ഷാർജ), കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ, ശ്രീദേവി തിരുവിഴ (ചെന്നൈ), വിജയാ നായർ, രാധാകൃഷ്ണൻ നായർ (മുംബൈ), സുലൈമാൻ (കണ്ണൂർ), ഉഷ അനാമിക (മാവേലിക്കര) എന്നിവരടക്കം വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള നിരവധി പേർ ഓണാശംസകളും സാഹിത്യ-സാംസ്കാരിക അനുഭവങ്ങളും പങ്കുവച്ചു.
സുരഭിലം ഗ്ലോബലിൻ്റെ വെബ്സൈറ്റിൻ്റെ പ്രവർത്തനങ്ങളും ഭാവിപരിപാടികളും സംബന്ധിച്ച് വിശദമായ ചർച്ചയും നടന്നു. ലോകമെമ്പാടുമുള്ള മലയാളി സാഹിത്യകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്ന വിവിധ പദ്ധതികൾക്കും പരിപാടിയിൽ രൂപരേഖ തയ്യാറാക്കി.
ഓണത്തിൻ്റെ സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം സാഹിത്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും സർഗാത്മക സംഭാഷണങ്ങളിലൂടെ ലോകമെമ്പാടും പകരാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യത്തോടെയാണ് സംഗമം സമാപിച്ചത്.
സുരഭിലം ഗ്ലോബൽ ജനറൽ കൺവീനർ എസ്.കെ.നായർ പരിപാടിയുടെ ചർച്ചകൾ ഏകോപിപ്പിച്ചു.