യെലഹങ്ക ന്യൂ ടൗണിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട ചരൺ ഗൗഡയുടെ (39) മുൻ സുഹൃത്തും റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ പരിചയക്കാരനുമായിരുന്ന കിരൺ കുമാറാണ് കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് കണ്ടെത്തി. ക്വട്ടേഷൻ നൽകിയതും ഇയാളാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

കിരൺ ഗൗഡ (24), ആകാശ് (19), കിരൺ കുമാർ (40), ലോകേഷ് (47), രുദ്രേഷ് എന്ന രൂപേഷ് (39) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ഓഫീസിലെത്തിയ ചരൺ ഗൗഡയെ കാറിൽനിന്ന് ഇറങ്ങുന്നതിനിടെ കിരൺ ഗൗഡയും ആകാശും ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് വർഷം മുൻപ് റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ചരൺ ഗൗഡയും കിരൺ കുമാറും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ചരൺ ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിൽ ധനി പ്രോപ്പർട്ടീസ് എന്ന സ്ഥാപനം ആരംഭിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച വൈരാഗ്യത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

തർക്കത്തിന് പിന്നാലെ ചരൺ ഗൗഡയെ വകവരുത്താൻ കിരൺ കുമാർ രുദ്രേഷിന് 15 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ പണം ചെലവഴിച്ചിട്ടും കൊലപാതകം നടത്താത്തതോടെ തുക തിരികെ ആവശ്യപ്പെട്ടു. പിന്നീട് 30 ലക്ഷം രൂപയ്ക്ക് ചരൺ ഗൗഡയെ കൊല്ലാൻ രുദ്രേഷ് സുഹൃത്തായ ലോകേഷിനെ ഏൽപ്പിക്കുകയായിരുന്നു.

ലോകേഷ് ഈ വിവരം മകൻ കിരൺ ഗൗഡയെയും സുഹൃത്ത് ആകാശിനെയും അറിയിച്ചു. ക്വട്ടേഷൻ തുക ലഭിച്ചാൽ ജീവിതം സുരക്ഷിതമാക്കാമെന്ന് പറഞ്ഞാണ് ഇരുവരെയും കൊലപാതകത്തിന് പ്രേരിപ്പിച്ചത്. തുടർന്ന് ചരൺ ഗൗഡയുടെ യാത്രകളും പതിവുകളും നിരീക്ഷിച്ച് ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കി.

വെള്ളിയാഴ്ച രാവിലെ ഓഫീസിന് മുന്നിൽവെച്ച് ആക്രമണം നടത്തിയശേഷം ഇരുവരും ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ഭാര്യയുടെ നിലവിളിയും സഹായാഭ്യർഥനയും അവഗണിച്ചായിരുന്നു പ്രതികളുടെ കടന്നുകളയൽ. നഗരത്തിന് പുറത്തുനിന്നാണ് അഞ്ച് പേരെയും പൊലീസ് പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പ് പ്രകാരം കൊലപാതകക്കേസാണ് യെലഹങ്ക ന്യൂ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts